പ്രവാസകവിത

Friday, June 10, 2011

മുങ്ങാംകുഴികള്‍ / ഷിലിന്‍
വാര്‍ന്നൊഴുകുന്ന ചോരയുടേയും
കിനിഞ്ഞിറങ്ങുന്ന കണ്ണീരിന്റേയും
ഉപ്പുരസമൂറുന്ന രുചി.
സുഗന്ധം പൊഴിക്കുന്നത്
പാലപ്പൂവോ...?
പിച്ചിപ്പൂവോ...?
ധമിനികളിലെ മുറുവുകള്‍
അവക്കുള്ളിലെ തേങ്ങലുകള്‍
നാളെ ഒരുവേള...
കിനിയുന്ന കണ്ണീര്‍വറ്റി
തീയും പുകയും വമിക്കുമായിരിക്കും
വാര്‍ന്നൊഴുകിയ രക്തധമനികള്‍
തുന്നിച്ചേര്‍ത്ത്
അവയിലൂടെ...
കാലത്തിന്റെ
വിഷംചീറ്റുന്ന ഉഗ്രസര്‍പ്പങ്ങള്‍
ഫണം വിടര്‍ത്തിയാടിയേക്കാം
അന്നും...അപ്പോഴും
നിലാവും സ്വപ്നങ്ങളും
നീന്തിതുടിച്ച ഉറവയില്‍നിന്നും
നിരാശയുടെ നീണ്ടകയങ്ങളിലെ
മുങ്ങാംകുഴികള്‍
നുരഞ്ഞും പതഞ്ഞും....!
ഒഴുക്കിന്റെ ചതിയിലും ചുഴിയിലും...!
മോചനം...
കടലിന്റെ നിതാന്ത നിശബ്ദതയിലലിയാന്‍,
അതിനിനിയുമെത്രനാള്‍ ....?
ഷിലിന്‍,
ത്രിശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി. മസ്ക്കറ്റില്‍ ഫാത്തിമ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരായി ജോലി ചെയ്യുന്നു.
ഭാര്യ മസ്ക്കറ്റ് ഇന്ത്യന്‍ എമ്പസിയില്‍ ഉദ്യോഗസ്ഥ, രണ്ടു മക്കള്‍. കവിതയിലും, ചിത്രകലയിലും മറ്റു കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും തല്പ്പരന്! മസ്ക്കറ്റിലെ കലാ സംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യം

Monday, May 30, 2011

എഴുന്നേല്‍ക്കു കൂട്ടുകാരീ / ഷൈന

'എന്തിനാണ് ഞങ്ങളെയിങ്ങനെ...?
'ആത്മാവില്‍ തീ കൊളുത്തുന്ന
അതേ ചോദ്യം...!
-ദുഃഖം വിണ്ട ചുണ്ടുകളില്‍ നിന്ന്,
തീവ്ര വ്യഥയാല്‍ നാവുകള്‍
ബന്ധിക്കപ്പെട്ടിരുന്നിട്ടും .

ഉത്തരം നല്‍കാതെ
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍
തലകുനിച്ചു കടന്നു പോകുന്നു.


മുറിവുകളാണോ ഈ പാതയെ ഒഴുക്കുന്നത്..?
ഞങ്ങളുടെ തേങ്ങലുകളില്‍ നിന്ന്
പൂമ്പാറ്റകള്‍ പാറി ചേക്കേറുന്നത്
ഏത് അചേതനയിലേക്കാണ്..?
ഞങ്ങളുടെ ഒളിയിടങ്ങളില്‍ നിന്ന്
പടര്‍ന്നിറങ്ങിയ ചോര
ഈ തെരുവു മുഴുവന്‍ നിറഞ്ഞാലും
നിങ്ങള്‍, നിങ്ങളുടെ പൊള്ളയായ മരക്കുതിരപ്പുരത്ത്
തല കുനിച്ചു തന്നെ കടന്നു പോകും.
-ഉത്തരത്തിനു നേര്‍ക്ക്‌
ഒരടയാളം പോലും ചൂണ്ടിത്തരാതെ .

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി
ഖിന്നതയുടെ അന്ധകാരത്തില്‍
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

വഴിയരികില്‍
ഞാവല്‍ക്കാടുകള്‍ക്കു നേരെ
മഴയടുക്കുന്നു.
ഞങ്ങളുടെ പാട്ടുകാരികള്‍
മുറിവിന്റെ കവിത പ്രാര്‍ഥിച്ചു തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍-
സഹനത്തിന്റെ ദൂത
മടങ്ങിവന്നു .
ഇനി മുഖമില്ലാതെ ഞങ്ങള്‍
മുറിവിന്റെ ഇരുട്ടിലേക്ക് മടങ്ങേണ്ടതില്ല.
ഖിന്നതയെ പിഴുതെടുത്ത്
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .
വഴിവിളക്കുകള്‍ എണ്ണയൊഴിച്ചു തെളിക്കാം
ദീര്‍ഘ ദീര്‍ഘം കരഞ്ഞ
പാതകള്‍ പിന്‍തള്ളാം.

എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
സങ്കീര്‍ണ്ണമായ
നമ്മുടെ പിരിയന്‍ വഴികളുടെ
കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .
പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
വാടാതെ കാക്കേണ്ടതുണ്ട് .
പരാജിതരുടെ ദയനീയ ഘോഷയാത്ര
കടന്നു പൊയ്ക്കോട്ടേ.
നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.
കാപട്യം കോലം മാറ്റാത്ത
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
സാന്ത്വനമായൊരു യാത്രാഗാനം ...?


ഷൈന.അഭിഭാഷക, തൃശ്ശൂർ സ്വദേശം,
ഇപ്പോൾ കുടുംബസമേതം ഒമാനിൽ താമസിക്കുന്നു.
ഓൺലൈൻ മാഗസിനുകളിലും ബ്ളോഗിലും കവിത
എഴുതുന്നു.
ബ്ളോഗ് : അലയൊതുങ്ങിയ...
http://alayothungiya.blogspot.com

 


Friday, May 20, 2011

ഭ്രമങ്ങളുടെ സമുദ്രം. / എം.എൻ. ശശിധരൻ.

ചുഴികളാല്‍
ചുരുട്ടിയെടുക്കപ്പെട്ട്
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
അപ്രമേയമാകുന്നു
ഉടല്‍.

ഇരുട്ട് കുത്തിയൊഴുകുന്ന
ഞരമ്പുകള്‍,
ശിഖരങ്ങള്‍ കത്തിയാളുന്ന
വിചാരങ്ങളുടെ കാട്,
അട്ടിമറിക്കപ്പെട്ട നേരുകള്‍.
ഞാന്‍,

എന്റെ ആത്മാവിലേക്ക് കുതിക്കുന്ന
നീയാല്‍ തൊടുത്തുവിടപ്പെട്ട ശരം.
മരണം.

ജീവിതവും മരണവും
നിലവിളിച്ചു പായുന്ന
കുഴലുകളാണ്
വാക്കുകളെന്നു
ഭോഗാലസ്യത്തില്‍
ഞാന്‍ പുലമ്പിയോ ..?

*വസന്തസേനയുടെ
ശയനമുറിയില്‍‍
വാക്കുകളുടെ
ദുര്‍മരണം

ഓര്‍മ്മകളുടെ ശ്മശാനം.
ശവം കൊത്തിവലിക്കുന്നത്
നിറവും മണവുമില്ലാത്ത
വസ്തുക്കളുടെ
ആക്രോശങ്ങള്‍‍.
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
പാര്‍ശ്വങ്ങളില്‍ ഉരസാന്‍
എവിടെയും നീയും ഞാനുമില്ല.
---------------------------------------------

*( കൂടെ ശയിച്ച കാളിദാസനെ കൊന്ന്, കവിത കട്ടെടുത്ത്, സ്വന്തം കാവ്യമാണെന്ന് പറഞ്ഞ് രാജാവിന്റെ പാരിതോഷികം ആഗ്രഹിച്ചു പിടിക്കപ്പെട്ട അഭിസാരിക. കാളിദാസന്റെ കാവ്യ ശക്തി ഒന്നുകൊണ്ടു മാത്രം രാജാവ് ഇടയ്ക്കിടെ കാണാന്‍ ആഗ്രഹിക്കുന്നു. ഓരോ തവണയും കണ്ടു പിരിഞ്ഞാല്‍, ദുര്ന്നടപ്പുകാരനായ കവി ഭ്രമങ്ങളുടെ പറുദീസയില്‍ അലഞ്ഞു നടക്കും. അടുത്ത തവണ കാണാന്‍, രാജാവ് ഉപയോഗിക്കുന്ന തന്ത്രം സമസ്യാ പൂരണമാണ്. വലിയ പാരിതോഷികം പ്രഖ്യാപിച്ചാല്‍, കവി തീര്‍ച്ചയായും കവിതയുമായി എത്തും. അനേകം സമസ്യാപൂരണങ്ങളില്‍ നിന്നും കാളിദാസന്റെ കവിത രാജാവിന് തിരിച്ചറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ)

.........................................

എം.എൻ. ശശിധരൻ.

ആനുകാലികങ്ങളിലും സൈബർ ഇടങ്ങളിലും
കഥയും കവിതയും എഴുതുന്നു.
1988 ലെ മികച്ച ചെറുകഥയ്ക്കുള്ള അപ്പൻ തമ്പുരാൻ സ്മാരക അവാർഡ് ലഭിച്ചു.
ഡെൽഹിയിൽ Govt. of NC യിൽ ഉദ്യോഗസ്ഥൻ, ഭാര്യ കവിത, മക്കൾ രൂപശ്രീ, ദീപശ്രീ എന്നിവരോടൊപ്പം ഡൽഹിയിൽ താമസിക്കുന്നു. സ്വദേശം തൃശൂർ കട്ടക്കമ്പാൽ.
ബ്ളോഗ് : http://otherside-vichaarangal.blogspot.com

Post Your Comment

Wednesday, May 18, 2011

വീട് / സുലോജ് മഴുവന്നിക്കാവ് :


വീട്
എന്റെതുമാത്രമായ
ഒരു കിണര്‍
കോരിക്കുടിക്കുന്തോറും
സുതാര്യമാക്കുന്ന
സ്നേഹത്തിന്റെ സമചതുരം .

പിതൃക്കൾ പൂമുഖത്തു
നിരന്നിരിപ്പുണ്ട്‌
ചുവരിലെ ആണിയില്‍
അച്ഛന്റെ കാലന്‍ കുടയുടെ
പഴമണം.

പാതിതുറന്ന
വാതിലിനിപ്പുറം
അമ്മയുടെ ഓര്‍മ്മ.
ചിമ്മിനിയിലൂടെ
വിങ്ങിയിറങ്ങുന്നു
ഭാര്യയുടെ
നെടുവീര്‍പ്പുകള്‍ ...
വെളിച്ചം പിണങ്ങി
നില്‍ക്കും
അകത്തളങ്ങളില്‍
എവിടെയാണ്
എന്റെ തലയിണകള്‍ ..!?

ഇരുട്ടിലൂടെ
കയറിവരികയും
ഇരുട്ടില്‍
കവിത എഴുതുകയും
ഇരുട്ടു തിങ്ങും
മുറിതന്നെയാകുന്നു
കവിയുടെ സാന്നിധ്യവും ....!

രാത്രി ഇപ്പോഴും എന്റെ വീടിന്റെ അടയാളം
മായ്ച്ചു കളയുന്നു ..
പകല്‍ പിന്നെയും വരച്ചുവെക്കുന്നു...

വേനലിലും
വർഷത്തും
ഉറവ കാത്തു
ആകാശം നോക്കി
കിടക്കും കിണര്‍ ..
വറ്റിപോയ ഓര്‍മകളും
വിട്ടുമാറാത്ത സ്വപ്നങ്ങളുമായി ..
ഒരു കിണര്‍ ..

Mazhuvannikkavu Suloj
സുലോജ് മഴുവന്നിക്കാവ് :
സാമൂഹ്യ പ്രവർത്തകൻ, കവി
എറണാംകുളം സ്വദേശം
ആനുകാലികങ്ങളിലും ഓൺലൈൻ ഇടങ്ങളിലും
കവിത എഴുതുന്നു...

Tuesday, May 17, 2011

അപ്പോഴും ഭൂമി കറങ്ങി കൊണ്ടിരുന്നു.../ഗീതാരാജൻ

സാമൂഹ്യ പാഠ ക്ലാസ്സില്‍
ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു എന്ന്
പഠിക്കുമ്പോഴാണ് മനസ്സിലായത്
അച്ഛന്‍ എപ്പോഴും ജോണി വാക്കര്‍
അടിച്ചു കറങ്ങുന്നത് ഈ ഭൂമിയില്‍
ജീവിക്കുന്നത് കൊണ്ടാണെന്ന്!

ഗാന്ധാരി ചരിതം പഠിച്ചപ്പോള്‍
മനസ്സിലായീ....അമ്മ
പതിവ്രതയായ ഭാര്യ
ആകാന്‍ ശ്രമിച്ചതാവാം
പെതെടിന്‍ ലഹരിയില്‍
കറങ്ങി തുടങ്ങിയതെന്ന്!!

അമ്മയെ മോഡല്‍ ആക്കിയത്
കൊണ്ടായിരിക്കും ചേച്ചിയും
ബോയ്‌ ഫ്രെണ്ടിനോടൊപ്പം
കറങ്ങി നടക്കുന്നത്....!!

എല്ലാരും കറങ്ങി നടക്കുന്ന
ഈ ഭൂമിയില്‍ ഞാന്‍ മാത്രം
കറങ്ങാതെ ഇരിക്കുന്നത്
എന്തിനെന്ന ചിന്തയില്‍
ആ ആറുവയസ്സുകാരന്റെ
കണ്ണില്‍ തടഞ്ഞതോ
പരാമര്‍ നിറച്ച ബ്രാന്റി കുപ്പി....
ഒന്ന് കറങ്ങാന്‍ കൊതിച്ച
അവനോ ഒരിക്കലും ഉണരാത്ത
ഉറക്കത്തിലേക്കു ഊര്ന്നുപോയീ!!!
അപ്പോഴും ഭൂമി കറങ്ങി കൊണ്ടിരുന്നു
..................................................................
ഗീതാരാജൻ :


സ്പെഷ്യൽ എജുക്കേഷൻ അദ്ധ്യാപികയായി
അമേരിക്കയിലെ സൗത്ത് കരോളിനയിൽ
ജോലി ചെയ്യുന്നു.

ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും
ബ്ളോഗിലും കവിത എഴുതുന്നു.
തിരുവനന്തപുരം സ്വദേശം.

ഭർത്താവിനോടും രണ്ടു കുട്ടികളോടുമൊപ്പം
സൗത്ത് കരോളിനയിൽ താമസം...
കൃതി പബ്ളീക്കേഷന്റെ, ബ്ളോഗെഴുത്തുകാരുടെ
അപ്രകാശിത കവിതകളുടെ സമാഹാരമായ "കാവാരേഖ?"
സീയെല്ലസ് ബുക്സിന്റെ കവിതാസമാഹാരമായ മൗനജാലകൾ
എന്നി കവിതാ സമാഹാരങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട് :
ഗീതം എന്ന പേരിൽ ബ്ളോഗെഴുതുന്നു

http://geetha-geetham.blogspot.com/

ദൈവവും ചെകുത്താനും / പ്രസന്ന ആര്യന്‍

ചിലയിടങ്ങളില്‍ അങ്ങിനെയാണ്
പട്ടണം വളരുന്തോറും
വഴികള്‍ ഇടുങ്ങിവരും.
വീടുകള്‍ വലുതാവുന്തോറും
മതിലുകള്‍ ഉയര്‍ന്നുപൊങ്ങും.
വളവുതിരിഞ്ഞുവരുന്ന വാഹനം
എന്തെന്നു തിരിച്ചറിയും മുന്‍പ്
നമ്മുടെ ശരീരത്തില്‍ മുട്ടിയുരുമ്മി
കടന്നുപോയിട്ടുണ്ടാവും.
വല്ലാത്ത ഒറ്റപ്പെടലിന്റെ ഭൂതം
കോര്‍മ്പല്ലു കോര്‍ക്കാന്‍ തുടങ്ങുമ്പോഴാകും
ഒരു സൈക്കിള്‍ ചത്തുപോയ ആവോലിയുടെ
തൊണ്ടയില്‍ക്കുരുങ്ങിയ കൂവലായി
ചുകന്നു മലച്ച ഉണ്ടക്കണ്ണായി
തുരുമ്പ് പിടിച്ച കത്തിയുടെ മൂര്‍ച്ചയായി
ചിലപ്പോള്‍ വെറുമൊരു മൂളിപ്പാട്ടായി
വളവുതിരിഞ്ഞെത്തുന്നത്.
അവനും അങ്ങിനെയായിരുന്നു
പതിനാറിന്റെ കൗതുകമായി
വളവുതിരിഞ്ഞെത്തിയത്.
ഇന്നും ഉറക്കത്തിന്റെ
കുണ്ടനിടവഴികളില്‍ ഇടക്കിടക്ക്
അവന്റെ മൂളിപ്പാട്ടു കേള്‍ക്കുമ്പോള്‍
ചുന്നിയൊന്നുകൂടി വലിച്ചിടണമെന്നുതോന്നും.
അവനടുത്തെത്തുമ്പോള്‍
ചെവിയൊന്നു പിടിക്കണമെന്നും
അവന്‍ കുടിച്ചമുലകള്‍ക്കുമുന്നില്‍
കൂട്ടി കൊണ്ടുപോകണമെന്നും
അമ്മയിലെ അന്തസ്സാരം
കാട്ടിക്കൊടുക്കണമെന്നും തോന്നും.
വളവുതിരിഞ്ഞ് അവന്‍
വരുന്നതും നോക്കിയിരിക്കും ..........പക്ഷെ
വിചാരിക്കുന്നതിലും വേഗത്തിലാണല്ലൊ
ദൈവം ചെകുത്താനായി മാറുന്നത്.
.......................................................
പ്രസന്ന ആര്യന്‍.
ഇപ്പോള്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് ഹരിയാനയിലെ ഗുഡ്ഗാംവില്‍ താമസിക്കുന്നു. വരയും എഴുത്തും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഡെല്‍ഹി ലളിതകലാ അക്കാഡമിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . പ്രയാണ്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്നു.
സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് ഡി.സി. ബുക്സ് പുറത്തിറക്കിയ ബ്ളോഗ് കവിതകളുടെ സമാഹാരമായ "നാലാമിടം", കൃതി പബ്ളീക്കേഷന്റെ, ബ്ളോഗെഴുത്തുകാരുടെ അപ്രകാശിത കവിതകളുടെ സമാഹാരമായ "കാവാരേഖ?" എന്നീ സമാഹാരങ്ങളിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലോഗ് : മറുനാടന്‍ പ്രയാണ്‍
http://marunadan-prayan.blogspot.com

Tuesday, March 15, 2011

പച്ചക്കുതിരയുടെ മരണം / സ്മിത്ത്‌ മാബുള്ളി


ആദ്യത്തെ നിലവിളി
കാക്കകളുടേതു തന്നെയായിരുന്നു
പിന്നെ
കരിയിലക്കിളികളും
മൈനകളുമെത്തി
കയറുവഴിയിറങ്ങി
കണ്ണുകള്‍ നോക്കി
ഉറുബുകള്‍
മരണം
സ്ഥിതീകരിചു

ഒടുവിലാണു പക്ഷെ
പച്ചക്കുതിരയെത്തിയത്.

പോലീസെത്തി
മരണക്കുറിപ്പുകളും
വിശദീകരണങ്ങളും
മക്കളുടെ
വിലാപങ്ങളും കഴിഞ്ഞ്,
പിറ്റേന്നു ഉച്ചക്കു
നെടുബാശ്ശേരിയിലിറങ്ങുന്ന
ഇളയ മകളുടെ
വരവിന്നായി
മുഖം തുടചു മിനുക്കി
പൗഡറിട്ടു
ജീവിതത്തിലാദ്യമായി
ചെളിമണമില്ലാതെ
ചേറു പുരളാത്ത കാലടികളോടെ
ഉലയാത്ത
ഉടുപ്പോടെ
മൊബെയില്‍ ഫ്രീസറില്‍
കിടക്കുബോള്‍
ആള്‍ തിരക്കിനിടയിലൂടെ
ഒടുവിലറിഞ്ഞവന്റെ
ഹ്രുദയവ്യഥ നിറഞ്ഞ
വെപ്രാളത്തോടെ
ജീവിതം മുഴോന്‍
ഒപ്പം നടന്നവന്റെ
വിലാപത്തോടെ
പചക്കുതിര വന്നത്‌
ഒടുവിലാണ്
ആദ്യ മഴത്തുള്ളികളേറ്റ
ഇലതലപ്പുകള്‍ക്കടിയിലെന്ന പോലെ
കിടക്കുന്ന
മുഖത്തിനു മീതെ
ചില്ലില്‍ ഇരുന്നതേ
അതിനോര്‍മയുള്ളൂ

അപ്പന്റെ ശവത്തേലും
ഈ തുള്ളനും,
ചീടും
ഉറുബും മാത്രെ ഉള്ളൂ
എന്നൊരു ആക്രോശം
മനസ്സിലാക്കാന്‍ മാത്രം
ലോകപരിചയം
അതിനില്ലാതെ പോയിSmith Anthikad
പച്ചക്കുതിരയുടെ മരണം
Blog : http://manalezhuthukal-smith.blogspot.com/