പ്രവാസകവിത

Friday, June 10, 2011

മുങ്ങാംകുഴികള്‍ / ഷിലിന്‍
വാര്‍ന്നൊഴുകുന്ന ചോരയുടേയും
കിനിഞ്ഞിറങ്ങുന്ന കണ്ണീരിന്റേയും
ഉപ്പുരസമൂറുന്ന രുചി.
സുഗന്ധം പൊഴിക്കുന്നത്
പാലപ്പൂവോ...?
പിച്ചിപ്പൂവോ...?
ധമിനികളിലെ മുറുവുകള്‍
അവക്കുള്ളിലെ തേങ്ങലുകള്‍
നാളെ ഒരുവേള...
കിനിയുന്ന കണ്ണീര്‍വറ്റി
തീയും പുകയും വമിക്കുമായിരിക്കും
വാര്‍ന്നൊഴുകിയ രക്തധമനികള്‍
തുന്നിച്ചേര്‍ത്ത്
അവയിലൂടെ...
കാലത്തിന്റെ
വിഷംചീറ്റുന്ന ഉഗ്രസര്‍പ്പങ്ങള്‍
ഫണം വിടര്‍ത്തിയാടിയേക്കാം
അന്നും...അപ്പോഴും
നിലാവും സ്വപ്നങ്ങളും
നീന്തിതുടിച്ച ഉറവയില്‍നിന്നും
നിരാശയുടെ നീണ്ടകയങ്ങളിലെ
മുങ്ങാംകുഴികള്‍
നുരഞ്ഞും പതഞ്ഞും....!
ഒഴുക്കിന്റെ ചതിയിലും ചുഴിയിലും...!
മോചനം...
കടലിന്റെ നിതാന്ത നിശബ്ദതയിലലിയാന്‍,
അതിനിനിയുമെത്രനാള്‍ ....?
ഷിലിന്‍,
ത്രിശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി. മസ്ക്കറ്റില്‍ ഫാത്തിമ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരായി ജോലി ചെയ്യുന്നു.
ഭാര്യ മസ്ക്കറ്റ് ഇന്ത്യന്‍ എമ്പസിയില്‍ ഉദ്യോഗസ്ഥ, രണ്ടു മക്കള്‍. കവിതയിലും, ചിത്രകലയിലും മറ്റു കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും തല്പ്പരന്! മസ്ക്കറ്റിലെ കലാ സംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യം